Friday, 24 February 2017

ആനച്ചന്തം

കുറച്ചു നാളുകൾക്ക് മുൻപു പോയ ഒരു യാത്രയുടെ വിവരണമാണ്. 'Lake City' എന്നറിയപ്പെടുന്ന നൈനിറ്റാൾ സന്ദർശിക്കുവാനിടയായി. നൈനിറ്റാളിലെ ജിം കേറ്റബറ്റ് നാഷണൽ പാർക്ക് പ്രസിദ്ധമായ ഒരു വന്യജീവി സംരക്ഷണ കേന്ദ്രമാണ്. ഒരു ദിവസം ജിം കോർബറ്റിലെ പ്രശസ്തമായ കടുവകളിൽ ഒന്നിനേയെങ്കിലും കാണണം എന്ന അതിമോഹവുമായ് ജീപ്പ് സഫാരിക്കു ഇറങ്ങി. യാത്രക്കിടയിൽ ധാരാളം മാനുകൾ, മയിലുകൾ, പിന്നെ വിവിധ തരം പക്ഷികൾ, ഇവയൊക്കെ കണ്ടു.



ഓപ്പൺ ജീപ്പ് സഫാരി ആയതുകൊണ്ടും, ഡ്രൈവറും ഫോറസറസ്റ്റ് ഗാർഡും ഉൾപ്പടെ ഞങ്ങൾ അഞ്ചു പേർ അധികം ശബ്ദമുണ്ടാക്കാതെ സഞ്ചരിച്ചതുകൊണ്ടുമാകും മാനുകളെയൊക്കെ വളരെയടുത്ത് കാണാൻ സാധിച്ചത്. ഫോറസ്റ്റ് ഗാർഡ് ഇടതു വശത്തുള്ള ഒരു തടാകതത്തെപ്പറ്റി വിവരിച്ചുകൊണ്ടിരിക്കുമ്പോൾ, ആ വശത്തു നിന്നും പെട്ടന്നു ഒരു ആന റോഡിനു കുറുകെ പ്രത്യക്ഷപ്പെട്ടു. തൊട്ടുപിന്നാലെ, ഒരു ആനയും കൂടി. അതിനും പിന്നാലെ, ഒരു കൂട്ടം ആനകൾ ഞങ്ങളുടെ ജീപ്പിന് മുൻപിലൂടെ റോഡിനു കുറുകെ കടന്നു പോയ്. ഒരു ആനക്കൂട്ടത്തെ ഇത്ര അടുത്ത് കണ്ട സന്തോഷത്തിൽ നിക്കവെ, ഞങ്ങളുടെ വലതു വശത്ത് ഗ്രൂപ്പിന്റെ തലവൻ, എന്നു തോന്നിക്കുന്ന ഒരു കൂറ്റൻ ഗജവീരൻ ഞങ്ങളുടെ നേരേ തിരിഞ്ഞു നിന്നു. പുറകിനെത്തിയ എല്ലാവരും കൂട്ടത്തോടെ ജീപ്പിനു നേരെ നോക്കി നിന്നു.


ചെറിയ തോതിൽ ഭയം ഉള്ളിൽ തട്ടാൻ തുടങ്ങിയെങ്കിലും ആ നിമിഷത്തിന്റെ ഭംഗിയിൽ ഞങ്ങൾ മുങ്ങിപ്പോയ് എന്നുതന്നെ പറയാം. ഫോറസ്റ്റ് ഗാർഡിന്റെ നിർദ്ദേശത്തോടെ ഡ്രൈവർ എഞ്ചിന്റെ ശബ്ദം പരമാവധി കുറച്ചു. അപകട സാധ്യതയിൽ, ജീപ്പ് പെട്ടന്ന് തിരിച്ചെടുക്കണം എന്നുള്ളത് കൊണ്ട് എഞ്ചിൻ ഓഫ് ചെയ്തില്ല.




എത്ര നേരം ഞങ്ങളും ആനക്കൂട്ടവും തമ്മിൽ തമ്മിൽ നോക്കി നിന്നു എന്നറിയില്ല: ഗ്രൂപ്പിന്റെ തലവൻ തന്റെ തുമ്പിക്കൈ മുൻപിലേക്ക് നീട്ടി, നമ്മൾ കൈമുൻപിലേക്ക് നിവർത്തിപ്പിടിക്കുന്നതു പോലെ. പുറകിനു, കൂട്ടത്തിലുണ്ടായിരുന്ന രണ്ടാനകൾ, അവയുടെ തുമ്പിക്കൈ നീട്ടി ഒന്നാമന്റെ തുമ്പിക്കൈയ്ക്കു മുകളിൽ വച്ചു. കബടി കളിക്കു മുൻപെ കാളിക്കാർ കൈകൾ ഒത്തു പിടിച്ച് കൂട്ടായ്മയും ശക്തിയും ഒക്കെ പ്രകടിപ്പിക്കുന്ന രംഗമാണ് എന്റെ മനസ്സിലേക്കെത്തിയത്. ഞങ്ങൾ ഒറ്റക്കെട്ടാണ്, വേണേൽ ഒരു കൈ നോക്കാം എന്നാണോ ആനകൾ ഉദ്ദേശിച്ചത് എന്തോ. എന്തായാലും, ആ ദിവസം വരെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ കാഴ്ച്ചയായിരുന്നു അത്. ഞങ്ങൾ നിശ്ശബ്ദരായ് നിന്നു, അല്ലാതെ എന്തു ചെയ്യാൻ!


കുറച്ച് നിമിഷങ്ങൾക്കു ശേഷം ആനക്കൂട്ടം അവരുടെ യാത്ര തുടർന്നു. വളരെ ചെറിയ ആനക്കുട്ടികൾ വലിയ ആനകളുടെ കാലുകൾക്കിടയിലൂടെ ധൃതികൂട്ടി നടന്നു. കേരളത്തിൽ ജനിച്ചു വളർന്ന എനിക്ക് ആനയെ കാണുന്നത് വല്യ പുതുമയുള്ള കാര്യമല്ല എങ്കിലും അവിടെ കണ്ടതോളം മനോഹരമായ ഒന്നും ഞാൻ അന്നുവരെ കണ്ടിട്ടില്ല.
കടുവയെ കാണാതെ മടങ്ങേണ്ടി വന്നെങ്കിലും, കുടുംബത്തോടും തന്റെ കൂട്ടത്തോടും ഉള്ള സ്നേഹവും ധൈര്യവും ഒക്കെ മൃഗങ്ങളെ നോക്കി പഠിക്കൂ എന്ന് പറയിക്കുന്ന വിധം ആ സംഭവം മനസ്സിൽ പതിഞ്ഞു.

*********************************************************************************
ജിം കോർബറ്റ് നാഷണൽ പാർക്കിന്റെ ഒഫിഷ്യൽ വെബ്സൈറ്റിൽ എത്തേണ്ട വിധത്തെപ്പറ്റിയും സഫാരിയെപ്പറ്റിയും ഉള്ള വിശദ വിവരം ലഭ്യമാണ്. നാഷണൽ പാർക്കിനുളളിൽ തന്നെ താമസസൗകര്യവും ഉണ്ട്, മുൻകൂട്ടി ബുക്ക് ചെയ്യണം എന്നു മാത്രം. 
*********************************************************************************

പാരാഗ്ലൈഡിങ്ങിനു പറ്റിയ സ്ഥലവും കൂടിയാണ് നൈനിറ്റാൾ. സുഹൃത്തിന്റെ നിർബന്ധം കാരണമാണ് ഞാൻ പാരാഗ്ലൈഡിങ്ങിനു മനസ്സില്ലാമനസ്സോടെ "എനിക്കെന്തു സംഭവിച്ചാലും അതു എന്റെ മാത്രം ഉത്തരവാദിത്തമാണ്" എന്ന ഡിക്ലറേഷനും ഒപ്പിട്ടു കൊടുത്തു ഇറങ്ങിയതെങ്കിലും ആകാശത്തു ഭാരമില്ലാതെ ഒഴുകി നടന്ന ഒരോ നിമിഷവും ഞാൻ എന്നും മനസ്സിൽ സൂക്ഷിക്കുന്നു.




No comments:

Post a Comment