Friday, 13 February 2015

പ്രണയ സങ്കല്പം : ചെമ്മീൻ മുതൽ ആമേൻ വരെ



പ്രണയത്തെപ്പറ്റി പറയുമ്പോൾ സിനിമയെപ്പറ്റി പറയാതിരിക്കാൻ ആവുന്നില്ല. സിനിമ എന്നും ഒരു ശരാശരി മലയാളിയുടെ ജീവിതപങ്കാളി ആയിരുന്നല്ലോ. സിനിമയും പ്രണയവും തമ്മിൽ അഭേദ്യമായ ഒരു ബന്ധം നിലനിൽക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ടല്ലേ പ്രണയനൈരാശ്യത്തെ നമ്മൾ "മാനസ മൈനേ വരൂ ....." എന്ന ഗാനത്തോടുപമിക്കാറുള്ളത്. 

മലയാളിയുടെ പ്രണയ സങ്കല്പത്തെ എഴുതുന്നതിലും തിരുത്തുന്നതിലും സിനിമ വഹിച്ച പങ്കു ചെറുതല്ല. സിനിമാശകലങ്ങളും അവയിലെ കഥാപാത്രങ്ങളും സിനിമയ്ക്ക്‌ പുറത്തും നമ്മുടെ ഇടയിലും ജീവിക്കുന്നില്ലേ. അല്ലെങ്കിൽ പിന്നെ 1965-ൽ രചിക്കപ്പെട്ട "ചെമ്മീൻ" ലെ കറുത്തമ്മയും പരീക്കുട്ടിയും, അവർ പാടിനടന്ന കടാപ്പുറവും ഇന്നും നാം ഓർക്കുന്നത് എന്തുകൊണ്ടാണ്.



പുരാതന പ്രണയ സങ്കല്പത്തെ ചെറുതായ് ഒന്ന് ഉലച്ച സോളമന്റെ കഥ ഇന്നും കാണാൻ ആഗ്രഹിക്കുന്നവർ അനേകരാണ്. പെണ്ണിനും, പ്രണയത്തിനും, പരിശുദ്ധിക്കും ഒക്കെ മറ്റൊരു അർത്ഥം നിലനിന്നിരുന്ന കാലഘട്ടത്തിലും സോളമന്റെയും സോഫിയയുടെയും മുന്തിരിത്തോട്ടങ്ങളുടെയും കഥ പറയുന്ന 1986-ൽ പുറത്തിറങ്ങിയ "നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ" മലയാളികൾ രണ്ടു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ജോണ്‍സൻ മാഷൊരുക്കിയ പശ്ചാത്തലസംഗീതം ഈ സിനിമയെ അനശ്വരമാക്കാൻ ചെറിയ പങ്കല്ല വഹിച്ചത്.



പ്രണത്തിന്റെ അർഥം, അതിന്റെ വ്യാപ്തി, അത് വിവരിക്കാവുന്നതിനും അപ്പുറത്താണ്. 1987-ൽ പുറത്തിറങ്ങിയ ജയകൃഷ്ണന്റെയും ക്ലാരയുടെയും കഥ പറയുന്ന “തൂവാനത്തുമ്പികൾ” പ്രണയത്തിനു പുതിയ രൂപവും ഭാവവും നൽകുന്നതിനൊപ്പം മലയാള സിനിമയിലെ ഒരു നാഴികക്കല്ലായി മാറുകയും ചെയ്തു.

കൌമാരപ്രണയത്തിന്റെ കഥ പറയുന്ന 1988-ൽ പുറത്തിറങ്ങിയ “ഡെയ്സി” കഥയിലെ നിഷ്കളങ്കതയും മധുരമാർന്ന ഗാനങ്ങളാലും പ്രണയ സിനിമകളുടെ ഇടയിൽ സ്ഥാനം പിടിച്ചു.
പ്രണയ സിനിമകൾ പോലെ തന്നെ പ്രണയത്തിന്റെ ആഴം വരച്ചുകാട്ടുന്നവയാണ് നഷ്ടപ്രണയത്തിന്റെ കഥ പറയുന്ന സിനിമകളും. പ്രണയത്തേയും നഷ്ടപ്രണയത്തേയും ഒരേ തീവ്രതയിൽ ഒന്നിച്ചു വരച്ചുകാട്ടാൻ പത്മരാജൻ എന്ന സംവിധായകനു സാധിച്ചു. 1990-ൽ പുറത്തിറങ്ങിയ “ഇന്നലെ” പ്രണയത്തിന്റെ സന്തോഷവും വേദനയും ഒന്നിച്ചു ഒരൊറ്റ ഫ്രെയിമിൽ പ്രേക്ഷകർക്ക്‌ കാട്ടിത്തന്നു.

ഗന്ധർവന്റെയും കന്യകയുടെയും പ്രണയകഥ പറയുന്ന “ഞാൻ ഗന്ധർവൻ” 1991-ൽ പുറത്തിറങ്ങുമ്പോൾ പ്രമേയത്തിലെ പുതുമ കൊണ്ടു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സംഗീതസദ്യയൊരുക്കി 1992-ൽ പുറത്തിറങ്ങിയ “സർഗം” പ്രണയത്തേയും സംഗീതത്തെയും കോർത്തിണക്കി. മലയാള സിനിമാചരിത്രത്തിനു അഭിമാനിക്കാവുന്ന ചിത്രങ്ങളിലൊന്നായ് അത് മാറുകയും ചെയ്തു.

ഒരു കാലത്ത് ഞാനുൾപ്പടെയുള്ളവർ പ്രണയത്തിനു ബെഞ്ച്മാർക്കായ്‌ കരുതിയിരുന്ന സിനിമയാണ് 1997-ൽ പുറത്തിറങ്ങിയ “അനിയത്തിപ്രാവ്”. സുധിയുടെ നൃത്തച്ചുവടുകളും മിനിയുടെ നാണംകുണുങ്ങിയ സംസാരവുമൊക്കെ ഇപ്പോൾ 'പൈങ്കിളിയായ്' തോന്നാറുണ്ടെങ്കിലും ഒരു കാലത്ത് ടി.വി.യുടെ മുൻപിൽ കുത്തിയിരുന്ന് അവരോടൊപ്പം ചിരിക്കുകയും കരയുകയും ചെയ്തിട്ടുണ്ട്. കുട്ടിക്കാലത്ത്‌ നാം ഇഷ്ടപ്പെടുന്ന ചില കാര്യങ്ങൾ മുതിർന്ന ശേഷവും കാണാൻ ഇഷ്ടപ്പെടാറില്ലേ. ഗൃഹാതുരത്വമോ കുട്ടിക്കാലത്തേക്കുള്ള ഒരു വാതിലോ എന്തൊക്കെയോ ആണ് ഇന്നും അത്തരം സിനിമകൾ.



ഓരോ കാലഘട്ടത്തിലും, നമ്മുടെ മാറുന്ന ജീവിതശൈലിക്ക് അനുസൃതമായ്  സിനിമാ കഥാപാത്രങ്ങളും മാറിക്കൊണ്ടിരിക്കുന്നു. 
ആണ്‍-പെണ്‍  സൗഹൃദത്തെയും ആ സൗഹൃദം പ്രണയമായ് മാറുന്നതും വളരെ നാച്യുറലായി ചിത്രീകരിച്ച ഒരു ചിത്രമായിരുന്നു 1999-ൽ പുറത്തിറങ്ങിയ “നിറം”. മാറുന്ന ജീവിതശൈലിയെ സിനിമ പകർത്തുന്നതാണോ അതോ സിനിമ നമ്മുടെയൊക്കെ ജീവിതശൈലിയെ സ്വാധീനിക്കുന്നുണ്ടോ എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തായാലും സിനിമയും പ്രണയവും തമ്മിലുള്ള ആ അഭേദ്യമായ ബന്ധം എന്നും ശക്തിയോടെ നിലനിന്നിട്ടേയുള്ളൂ.

നിഷ്കളങ്ക പ്രണയത്തെ വളരെ നിഷ്കളങ്കമായ്‌ തന്നെ പ്രേക്ഷകർക്ക് മുൻപിലെത്തിച്ച ഒരു സിനിമയായിരുന്നു 2002-ൽ പുറത്തിറങ്ങിയ “നന്ദനം”. പ്രണയത്തിനു വിലക്കായി ഇന്നും മതം നിലനിൽക്കുന്നു. ഈ കാലഘട്ടത്തിൽ ശ്രദ്ധിക്കപെട്ട ഒന്നായിരുന്നു ഉമ്മചിക്കുട്ടിയുടെയും നായരുടെയും പ്രണയകഥ വരച്ചുകാട്ടിയ 2012-ൽ പുറത്തിറങ്ങിയ “തട്ടത്തിൻ മറയത്ത്”.

സംവിധാനം, ഛായാഗ്രാഹണം, എന്നിവയിലെ മികവുകൊണ്ടും കഥയുടെ ലാളിത്യം കൊണ്ടും വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയായിരുന്നു 2013-ൽ പുറത്തിറങ്ങിയ “അന്നയും റസൂലും”. പ്രണയത്തിനും ജീവിതത്തിനുമിടയിൽ ശ്വാസം പിടഞ്ഞു മരിക്കുന്ന ജീവിതങ്ങളെക്കുറിച്ച് ഒരു ഓർമ്മപ്പെടുത്തലായിരുന്നു അത്.
കഥയുടെ പശ്ചാത്തലം, കാലഘട്ടം, പശ്ചാത്തലസംഗീതം, സംഗീതം എന്നിങ്ങനെ പല മേഖലകളിൽ മികവു തെളിച്ചു ശ്രദ്ധ നേടിയ ഒരു പ്രണയകഥയായിരുന്നു 2013-ൽ പുറത്തിറങ്ങിയ സോളമന്റെയും ശോശന്നയുടെയും കഥ പറയുന്ന “ആമേൻ”.

കാലത്തിനനുസരിച്ച് കഥാപാത്രങ്ങളും അതിനനുസരിച്ച് പ്രണയസങ്കല്പങ്ങളും മാറിമറഞ്ഞുകൊണ്ടിരിക്കുന്നു. ഇന്നലെയുടെ പ്രണയത്തെയോ സിനിമയെയോ മാത്രം പുകഴ്ത്താനോ ഇന്നിന്റെ സിനിമയെ വിമർശിക്കാനോ ഞാൻ മുതിരുന്നില്ല. പക്ഷെ പ്രണയം, അതിന്റെ വിവിധ രൂപങ്ങളും ഭാവങ്ങളും ഈ കഥകൾ നമുക്കു കാട്ടിത്തരുന്നു.